Wednesday 12 March 2014

അടർന്നിളകിയിട്ടുണ്ട് വെളുത്ത ചുവരിൽ
നീ വരച്ചിട്ടു പോയ
കറുപ്പും ചുകപ്പും  ചിത്രങ്ങൾ..
പാതിയടർന്നതിൽ നിന്നേറ്റവും മങ്ങിയ
ചിത്രത്തിന് ചോടെ ഞാനുണ്ടായിരുന്നു..
നീ എഴുതിപ്പിടിപ്പിച്ച 
വരികൾക്കിടയിൽ കുരുങ്ങി
സ്വയം നഷ്ട്ടപ്പെട്ടു കൊണ്ടങ്ങനെ...
ഒരു കോണിൽ പൊക്കിൾ കൊടിയറുത്ത്
മുലപ്പാല് ചുരത്തിയവളുടെ..
മറ്റേയറ്റത്തു പെറ്റു പോയ പേരിൽ താലിയറ്റിച്ചു
രാക്കൂട്ടു തേടിയ പുകയില നാറുന്നവന്റെ...
 വലിയൊരു കുടയ്ക്ക് കീഴെ മഴ നനഞ്ഞിട്ടു
വെയിലു പുതച്ചു നടന്നു പോയവളുടെ ..
ചില്ലുകൂട്ടിൽ വരച്ചു വച്ചിട്ടുണ്ട്
കളരിക്കലെ തെങ്ങിന്റെ ചോട്ടിൽ
പൂത്താങ്കീരി കളിച്ച സുദേവന്റെ..
ഏറെ ചെന്നൊരു വളവിൽ 
ചുവന്ന പോറലുകളിൽ ഞാനും..
 പഴയ വീര്യത്തിന്റെ 
വിപ്ലവ സ്മരണയ്ക്ക്..      
  എഴുതപ്പെടാത്ത കനലിടങ്ങൾ എഴുതിച്ചേർക്കാൻ
വിട്ടുപോയവ പൂരിപ്പിക്കാതെ 
കടന്നു പോയവന് വേണ്ടി
കാത്തു വച്ചിട്ടുണ്ട് ഞാൻ 
മങ്ങിയടർന്ന ചില ചുമർപ്പാളികൾ …     


   

No comments:

Post a Comment