Monday 24 March 2014

പ്രണയവും പ്രത്യയശാസ്ത്രങ്ങളും 
ആവർത്തിച്ചാവർത്തിച്ച് 
ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട് 
ചില തെരുവുകളിൽ.
ഇരുട്ടു ഛർദിക്കുന്ന 
വഴിവിളക്കുകൾക്കു താഴെ 
തോളെല്ലു തകർന്നു ഞരങ്ങുന്നുണ്ട് 
ചതഞ്ഞ കൈകാലുകളുള്ള 
മാറ്റംപാട്ടുകൾ.
കഫവും ചോരയും തുപ്പി 
മരണസഞ്ചാരത്തിൽ തെരുവറ്റങ്ങളിൽ
തുണിയില്ലാതെ പായുന്നുണ്ട്
പഴകിയ തേക്കുപാട്ടുകൾ..
വെയിലു മൂക്കുമ്പോൾ വിയർത്തൊലിച്ചു
കയറി വരുന്ന തോറ്റങ്ങളുടെ
നെഞ്ച് പിളർന്ന് ചോരയൂറ്റുന്നുണ്ട്
നിണദാഹികൾ.
തെരുവിന്റെ തലയ്ക്കൽ
ആർക്കുംവേണ്ടാതെ
മലർന്നങ്ങനെ കിടപ്പുണ്ട്
പല്ലു കൊഴിഞ്ഞ്,തൊലി ചുരുണ്ട്,
കണ്ണു മൂടിയ വീരഗാഥകൾ.
നഗ്നരെയും അർദ്ധനഗ്നരെയും
സഹശയനരെയും ഒന്നായ്ക്കെട്ടി
വലിച്ചുകൊണ്ടു പോകുന്നുണ്ട്
ശവം തീനികൾ..
മജ്ജയും മാംസവും തിന്നു ചീർത്ത്
ഒരുങ്ങിച്ചമഞ്ഞിറങ്ങുന്നുണ്ട്
അഴുകിയ കയ്യിൽ കടലാസു പിടിച്ചൊരു
പരിഷ്ക്കാരി.
വായിൽ നുരഞ്ഞ അവസാന കൃമിയും
പേനയിൽ നിറച്ചു
തലയുയർത്തി നടന്നു നീങ്ങുന്നു
വർത്തമാനത്തിന്റെ കവി.

No comments:

Post a Comment