Saturday 15 March 2014

സമയം വൈകിപ്പായുന്ന ഒരു വണ്ടി പോലെ
ഞാനെന്റെ മറവികളിലേയ്ക്കു 
തിരിഞ്ഞൊന്നോടട്ടെ..??
കാലം തെറ്റിയ പക്ഷിയെപ്പോലെന്റെ മങ്ങിയ
ചുവരുകൾ ചേർന്നൊന്നു ചിറകടിക്കാൻ..
ചുടുകട്ടകൾ വേവുന്നൊരു 
ഇഷ്ട്ടികക്കളത്തിനിടയിൽ 
ചുവന്ന മണ്ണിൽ പിരണ്ട  ഒരഞ്ചുവയസ്സുകാരിയിലേക്ക് 
ഒന്നോടിപ്പിടിച്ചെത്തണം..
നീട്ടിപ്പിടിച്ച മുളകു പാത്രം കണ്ടു വിരണ്ടോടുന്ന
അവളുടെ നെഞ്ചിലെ പിടപ്പ് വീണ്ടുമൊന്നറിയണം.
കടിച്ചാപൊട്ടയും  പല്ലുമ്മലൊട്ടിയും  കട്ടു വാങ്ങി
താന്നിക്കായയും ചായക്കോട്ടിയും പെറുക്കി
ഒരു കോലൻചെറുക്കന്റെ കയ്യിൽ തൂങ്ങി
ഇനിയും നടക്കണം..
ബോഗൻ വില്ലയുടെ ഇതളുകൾ
വെള്ള കാണാത്ത നിന്റെ വെളുത്ത ഷർട്ടിൽ തിരുകി
ഒരു കുഞ്ഞുപടത്തിൽ ചേർന്നു നില്ക്കണം..
കണ്ണു മങ്ങിയ വെള്ളിമുടിക്കാരിയ്ക്ക്
 ഒരു നൂലുകോർപ്പിന്റെ കടം ബാക്കിയുണ്ട് ..
ഇനിയൊരു സൂചി തപ്പിയെടുക്കണം..
 മടിത്തട്ടിൽ കയറിയിരുന്ന്
മടിപിടിച്ചോടിയ പെറ്റിക്കോട്ടുകാരിയ്ക്ക്
പോയ കാലത്തെ കടങ്ങൾ വീട്ടണം..  
കണ്ണീർത്തുള്ളിയും വെള്ളത്തണ്ടും
നിനക്ക് വീതിച്ചു തന്ന
മുറികൂട്ടി ഞരടി വിരലു പൊതിഞ്ഞ
പുളിയനില തിന്നു കണ്ണിറുക്കിയ
നിന്റെ കുഞ്ഞുടുപ്പുകാരിയ്ക്ക്
നാവുകൾ ആയിരങ്ങളാണ്
ഒരു കോഴിക്കാട്ട കഥ മുതൽക്കിങ്ങോട്ട്‌ 
സമയംവൈകിയോടുന്ന വണ്ടി
കിതച്ചു നിൽക്കുന്നത് വരെ പറയാൻ
എണ്ണിത്തീരാത്ത കുഞ്ഞു കാര്യങ്ങളുടെ
ചെറിയ വലിയ ചിത്രങ്ങൾ..
ഒന്നോടി തിമിർത്ത് വരാം നമുക്ക്..
ഒരു കോലൻ ചെക്കന്റെ വിരലിൽ തൂങ്ങി
ഉരുണ്ടു പിരണ്ട് കളിച്ചു മതിച്ചങ്ങനെ...
     
 


No comments:

Post a Comment