Monday 24 March 2014

ദുർഗന്ധമാണിവിടെ മുഴുക്കെ 
പുളിച്ച ചോറിന്റെ..,
കാറിയ എണ്ണയുടെ..,
വഴു വഴുത്ത കുഴമ്പിന്റെ..,
നാറ്റമുള്ള അറ്റമെത്താത്ത നീണ്ട ഇടനാഴികൾ.
അഴുകാത്ത കബന്ധങ്ങൾ 
മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്നു..,
വിപ്ലവം വീഞ്ഞാക്കിയ,കവിത കുറുക്കി
അമൃതുണ്ടാക്കിയ വിവരദോഷികളുടെ.,
വെളിപാട് വന്നിറങ്ങിപ്പോയ്
മറ്റൊരു വെളിപാടിൽ 
തിരികെ കയറിവന്നു 
പടിഞ്ഞാറ്റെ ഇരുട്ടിൽ കുന്തിച്ചിരുന്ന 
ചിന്താദർശികളുടെ..,
പുകമണം മാറാത്ത 
അടുക്കളച്ചുവരിനുള്ളിൽ 
മൗനം കുടിച്ചു മരിച്ച പെണ്ണിന്റെ.
ഉറക്കത്തിൽ എപ്പോഴോ മരിച്ച ക്ലോക്കിൽ 
ക്രമം തെറ്റിയാടുന്നുണ്ട് 
ആ വയസ്സൻ പെൻഡുലം.
ഇടനാഴി കവച്ചു കടക്കുമ്പോൾ അടഞ്ഞ, 
പുതിയ വാതിലുള്ള മുറി കാണാം..
വാസനത്തൈലവും സെന്റും മണക്കുന്ന,
വെളുത്ത തുണി വിരിച്ച കോസറിയും 
പങ്കയുമുള്ളവലിയ മുറി.
അകത്തുകയറി പുതിയ വാതിൽ പൂട്ടി 
അടയിരിക്കാം..
തിളയ്ക്കാനറിയാത്ത.., ചൂടു തട്ടാത്ത ചോര 
ഒഴുകിയിറങ്ങിപ്പോവും വരെ 
നല്ല മണങ്ങൾ മാത്രം ശ്വസിച്ച്..
ജനവാതിലുകൾ കൊട്ടിയടച്ചു നമുക്ക് 
അകത്തിരിക്കാം...

No comments:

Post a Comment