Wednesday 12 March 2014

എന്റെ വാക്കുകൾക്ക് പതം വന്നിരിക്കുന്നു..
പറഞ്ഞും കേട്ടും തഴമ്പിച്ചവയെ മറവിയിലേക്ക്
നീട്ടി ത്തുപ്പിയപ്പൊ  മുതൽക്കെന്റെ
വാക്കുകൾക്കു പതം വന്നിരിക്കുന്നു..
എന്റെ സ്വപ്നങ്ങൾക്ക് 
അനക്കം വച്ചിരിക്കുന്നു..
പാറിപ്പാറി  തളർന്നവയെ കെട്ടഴിച്ചു വിട്ടപ്പോ
കാറ്റഴിച്ച ബലൂണ്കണക്കെന്റെ സ്വപ്നങ്ങൾക്ക്
അനക്കംവച്ചു തുടങ്ങിയിരിക്കുന്നു..
എന്റെ കാൽവയ്പ്പുകൾക്ക്  
ഉറപ്പു കൂടിയിട്ടുണ്ട്..
നടന്നു പഴകിയ വഴികൾക്കു മീതെയൊരു
 മീസാൻ കല്ലുണ്ട്..
അതിലേയ്ക്കുള്ള എന്റെ ചവിട്ടടികൾക്ക്
 ഉറപ്പു കൂടിയിട്ടുണ്ട്.
എന്റെ ചായക്കൂട്ടുകൾക്ക് 
കടുപ്പം വന്നിട്ടുണ്ട്..
നിമിഷനേരം കൊണ്ട് ഉറഞ്ഞുപോയ
ചിത്രങ്ങളുടെ ഗതിവേഗങ്ങളിൽ പെട്ട്
എന്റെ വർണ്ണങ്ങൾക്ക് 
കടുപ്പമേറിയിട്ടുണ്ട് ..
കിടക്കവിരികൾക്കിപ്പോൾ സുഗന്ധമുണ്ട്..
കണ്ണീരുണങ്ങി പഴകിയവയ്ക്ക്  ശേഷമിപ്പോൾ
വലിയ പൂക്കളുള്ള എന്റെ കിടക്ക വിരികൾക്ക്
വളരെ നേർത്ത ഒരു ചിരിയുടെ സുഗന്ധമുണ്ട്.. 
ഇനി പാലായനമാണ്..
കൈവഴികൾ ഇല്ലാത്ത..
അറ്റം കാണാത്തൊരു  ഒറ്റയടിപ്പാതയിലൂടെ
അസ്തമയങ്ങൾക്കു മുൻപ്
നിന്നെയും ഒപ്പം കൂട്ടിയൊരു  
പാലായനം…    

      

No comments:

Post a Comment