Wednesday 12 March 2014

ചുറ്റിലും ഒരു വര വരച്ചിട്ട്
അതിനുള്ളിൽ ചലിക്കണം..
അതിരുകളിൽ എന്റെ തലയ്ക്കു
മുകളിലേയ്ക്കൊരുമതിൽ പൊക്കണം..  
സ്വാതന്ത്ര്യത്തിന്നു അലമുറയിട്ടു കരയുന്നവരോട്
ചെന്ന് പറയണം ഇതിനുള്ളിലാണ്
സ്വാതന്ത്ര്യത്തിന്റെ വേരുകൾ
മുള പൊട്ടി തെഴുക്കുന്നതെന്ന്..
ഇവിടെയാണ്ഞാനും നീയും
ജനിച്ചു ജീവിച്ചു മരിച്ചു മണ്ണടിയേണ്ടതെന്ന്..
ജരാനരകൾ ബാധിച്ചു പല്ല് കൊഴിഞ്ഞു
വികൃതമായ ചിത്രങ്ങൾക്ക്
ചൂടും ചൂരും നിറവും കൊടുക്കണം..
കത്തികൊണ്ടിരിക്കുന്ന ചിന്തകളിലും
തീപാറുന്ന വാക്കുകൾക്കും മേൽ
 പ്രണയവും രതിയും ഉരുക്കിയെടുക്കണം..
നീയീ അതിരുകൾക്കുള്ളിൽ ഇല്ലാത്തിടത്തോളം
 ഞാൻ സൂക്ഷ്മമാണ്..
അക്ഷരങ്ങൾക്കിടയിൽ നിന്നെ ഒളിപ്പിച്ചു
വിപ്ലവക്കാറ്റൂതി കാടെരിയ്ക്കുന്നവൾ.. 
ഒടുവിലീ ലക്ഷ്മണ രേഖ മുറിക്കണം..
നിന്നിലൂടെന്റെ കാഴ്ചയുടെ ദൂരങ്ങൾ അളക്കാൻ..
 നിന്നിൽ നിന്നെന്റെ പൊട്ടും പൊടിയും ശേഖരിക്കാൻ..
  അതുവരേയ്ക്കും ഞാൻ 
സൂക്ഷ്മങ്ങളെ കുറിച്ച് മാത്രമോർക്കുന്നു...
അതുവരെ മാത്രം..     

No comments:

Post a Comment