Wednesday, 12 March 2014

അവൾക്കു പനിയ്ക്കുന്നുണ്ട്...
മുഖം നിറയെ പനിച്ചൂട് പൊന്തിയിട്ടുണ്ട്
അരിയെ അടുപ്പത്തു വേവാൻ കൊടുത്തപ്പോഴും
അടുക്കള മുറ്റത്ത് തിളയ്ക്കുന്ന മണ്ണിനു
 നനച്ച മുണ്ടിന്റെ ഈർപ്പം കൊടുത്തപ്പോഴും  
ചെറിയ പനിക്കോളുണ്ടായിരുന്നു..
പഠിക്കാൻ വിട്ടതോ 
കിളയ്ക്കാൻ വിട്ടതോ എന്ന് ചൊടിച്ചു
പുസ്തകക്കെട്ട് താങ്ങി 
ഇളകിയ കോണി വലിഞ്ഞു കയറുമ്പഴും
വാതത്തെ ശപിക്കുന്ന ..,
പോരാഞ്ഞു പരമ്പരയെ ഒട്ടുക്കു ശപിക്കുന്ന 
നാണി തള്ളയ്ക്കു മുറുക്കാൻ വാങ്ങാൻ 
വെളിച്ചെണ്ണ വേണ്ടെന്നു വച്ചപ്പഴും
ചായ്പ്പിലെ ഉറിയിൽ കൈയ്യിട്ടു      
 അവസാന മണി ഗോതമ്പും നുള്ളി
കാഴ്ച വറ്റിയവന്
കഞ്ഞി തേവുമ്പഴും അവൾക്കു
പനിയുടെ മണമുണ്ടായിരുന്നു..
വെട്ടി വിറച്ചപ്പഴും അടുപ്പിൽ താഴ്ത്താൻ
വിറകു വെട്ടിയവൾ ഉറങ്ങും മുൻപ് പുലമ്പി
“ഊണു കാലായിരിക്ക്ണൂ..”
അലറി ചിരിച്ചു പുലഭ്യം ചൊരിഞ്ഞവൻ
വെളുക്കെ ചിരിച്ചു മൂക്കിൽ തൊട്ടു പിറുപിറുത്തു

“അവൾക്കു പനിയ്ക്കുന്നുണ്ട് ..”    

No comments:

Post a Comment