Wednesday 12 March 2014

ചേലയുടുക്കണം ചുവന്ന ചേല..
 മുലക്കണ്ണിൽ   കല്ലിച്ചുപോയ വേദനകൾ
പുടവ കൊണ്ട് മൂടണം ..
വരണ്ട ചുണ്ടിൽ
ദാഹ നീരിറ്റിക്കാതെ ചായം തേയ്ക്കണം..
തിലകക്കുറി വേണം..
കാലത്തിന്റെ ഗുണനഹരണ പട്ടിക
 മറച്ചു പിടിക്കാൻ..       
മുടി  ചുറ്റി പൂവ് ചൂടണം
 അടുക്കളക്കരിയുടെ  പുകമണം മാറാൻ.
നാലും കൂട്ടി മുറുക്കിച്ചുവക്കണം
ചിരിച്ചു കുഴയുമ്പോൾ  ഉള്ളു കീറിയ
ചോരയ്ക്ക് കടുപ്പം കൂട്ടാൻ.
കൈകളിൽ സ്വർണ്ണ വളകൾ ഇടണം..
ജ്വലിക്കാതെ പോയവന്റെ
 കത്തുന്ന ഓർമയ്ക്ക് വേണ്ടി.
ഒറ്റക്കല്ലുള്ള ചുവന്ന മൂക്കുത്തി,
പാളിപ്പടർന്നണഞ്ഞു പോയ
കോടി സങ്കൽപ്പങ്ങളെ ഒരു കുഞ്ഞു
മിന്നലിൽ കൊരുത്തിടാൻ..
ഇലഞ്ഞിപ്പൂ തൈലം തൊട്ടു തൂക്കണം..
നെഞ്ചിന്റെ വേവിൽ ഒലിച്ചിറങ്ങിയ
വിയർപ്പുതുള്ളിയെ വിരുന്നുകാരൻ
കാണാതൊളിപ്പിക്കാൻ 
ഇനിയീ രാത്രിയൊന്നു വെളുത്തു കിട്ടണം..
രാത്രി പച്ചവെള്ളം കൊടുത്തുറക്കിയവനു  

രണ്ട് കുമ്പിൾ കഞ്ഞി പകരാൻ..    

No comments:

Post a Comment