Wednesday, 12 March 2014

ശവം തീനികളുടെ നാട്..
ഇരുട്ടിന്റെ മറവിൽ നിന്ന്
നട്ടപ്പൊരിവെയിലിലേയ്ക്കു
കാമമൊലിയ്ക്കുന്നുണ്ട്..
ചുട്ടു പഴുത്തു വിയർത്തൊലിക്കുന്ന
കറുത്ത പാറക്കെട്ടിനിടയ്ക്ക്
ഒരാർത്ത നാദം കുരുങ്ങിക്കിടപ്പുണ്ട്
ഇറങ്ങി നടക്കുമ്പോഴെല്ലാം കാലിൽ
നനവ്പടരുന്നുണ്ട്..
ഉപ്പുവെള്ളം തൊട്ട മണ്ണിന്റെ നനവ്‌..
വലിയ തിട്ടകൾക്കു താഴെ
അരണ്ട കണ്ണുകൾ ഒളിച്ചിരിപ്പുണ്ട്
ചുവന്ന കണ്ണുകളാണവർക്ക്‌...
ചോര തുപ്പുന്ന വലിയ കണ്ണുള്ളവർ..
അറ്റു കിടപ്പുണ്ട് നീളമുള്ള വിരലുകൾ..
നഖങ്ങൾക്കിടയിൽ മനുഷ്യ മാംസം ഉണങ്ങിയ
വെളുത്ത വിരലുകൾ..
വേരുകളിൽ കുടുങ്ങിക്കിടപ്പുണ്ട്
നീളമുള്ള മുടിപ്പിന്നലുകൾ..
വറ്റിയ കൈത്തോടിൽ ശേഷിച്ചത്
കുറച്ചു വളപ്പൊട്ടുകൾ..
ഞെരിച്ചു പിടിച്ച കൈകൾക്കുള്ളിൽ
ഒരിറ്റു ശ്വാസത്തിന് വേണ്ടി അത്
ഞെളിപിരി കൊണ്ടിരിക്കണം..
പിന്നീട് കൂറ്റൻ പെട്ടികളാണ്‌..
 മാറു പിളർന്നൂറ്റി ചണ്ടിയായ
ഉണങ്ങിയ ശവങ്ങളെ കയറ്റുന്ന
വലിയ വണ്ടിയും വലിച്ചു
നിരങ്ങിനീങ്ങിപ്പോകുന്നു
തലയില്ലാത്ത ഉടുമുണ്ടില്ലാത്ത
ബലിഷ്ഠകായൻ..            

    

1 comment: