Wednesday 12 March 2014

ഇവിടം  സ്വർഗമാണിപ്പോൾ   …
കനത്തുറച്ചുപോയ നെടുവീർപ്പുകൾക്കും 
പറഞ്ഞു പറഞ്ഞു നീയും കേട്ടു കേട്ട് ഞാനും
 കല്ലിച്ച  വാക്കുകൾക്കും 
പിറു പിറുപ്പുകളുടെ പുറന്തോട് കെട്ടി
അകത്തേയ്ക്ക് തലവലിച്ചു
 കിടന്നുറങ്ങിയ പൊള്ളയായ രാത്രികൾക്കും
 കനത്ത ചൂടിനെ വെല്ലുന്ന പഴുത്ത
മുഖങ്ങൾക്കും ശേഷം  
ഇവിടം സ്വർഗമാണിപ്പോൾ ..
ഒരു ചിരി കൊടുത്തു
വെട്ടിപ്പിടിച്ച ലോകത്തിനു
എണ്ണിതീർത്ത നരച്ച  രാപ്പകലുകളേക്കാൾ 
ചൂടും ചൂരും നിറവും മണവുമുണ്ടിപ്പോൾ ..
ഇരുട്ടിലേക്കുള്ള തിരിവുകൾക്കിടയിൽ എവിടെയോ
പതുങ്ങി നിന്നെന്നെ  തുളച്ച വെളിച്ചത്തിന്
ആയിരം പൗർണമികളുടെ തുടുപ്പും ചുവപ്പും ,
 എന്നിലേക്കൂർന്നു വീഴാനൊരു 
ഇലത്തുമ്പിൽ വെമ്പിയ ഒറ്റ  തുള്ളിയ്ക്ക്
ഒരായുസ്സിന്റെ  ദാഹം തീർക്കാനുള്ള 
മന്ത്രവിദ്യയും വശമുണ്ട് 
നിന്റെ കണ്ണിലെ ചെറിയ ചിരി കൊണ്ട്

ഞാൻ നേടിയ  വലിയ ലോകമിപ്പോൾ 
സ്വർഗമാണ് ..

No comments:

Post a Comment