Wednesday 12 March 2014

ചുഴികൾ എന്റെ വിഹ്വലതകളെ
അടയാളപ്പെടുത്തുന്നു..
നേർത്ത രോമങ്ങൾ എഴുന്നു നിൽക്കുന്ന അമ്മയുടെ
പൊക്കിൾകൊടി മുതൽക്കിങ്ങോട്ട് ചുഴികൾ..
എന്റെ മുടിയിൽ കോർത്തു വലിച്ചു കൊണ്ടു പോകുന്ന
ഉറ്റവളുടെ കവിളോരത്തെ
ഇത്തിരിച്ചുഴി തന്നതു ഭയപ്പാടുകളാണ്..
മണൽക്കാടുകളിൽ ആഴമുള്ള ചുഴികളിൽ  
പെട്ടുപോകുന്നതിന് തൊട്ടു മുൻപ് വരെ
നെഞ്ചിലെ ആരവമെനിയ്ക്കുയർന്നു കേൾക്കാം..
കൊട്ടിക്കലാശം കണക്കു ആകാശം വരെ
മുഴുപ്പുള്ള നെഞ്ചിടിപ്പുകൾ..
മടിയിൽ കിടത്തി തടവിയ ചെമ്പൻ
മുടിക്കാടുകളിൽ നീയൊളിപ്പിച്ച ചുഴിക്കു
വശ്യതയെക്കാൾ വന്യതയായിരുന്നു..
എന്നെ വലിച്ചിട്ടു കറുപ്പിനിടയിൽ
ഒളിപ്പിക്കാനുള്ള വ്യഗ്രത..  
കുത്തൊഴുക്കുകൾ നഷ്ട്ടപ്പെടുത്തി
അടിയൊഴുക്ക് ശീലിച്ച നദികൾക്കു കുറുകെ
 പതറാതെ നടക്കുമ്പഴും
ഒരു തുടിപ്പിനെ എനിക്ക് നഷ്ട്ടപ്പെടുത്താറുണ്ട്
വലിയ നീർച്ചുഴികൾ..
കാലത്തിനെതിരെ നടക്കാൻ പഠിക്കുന്നത് വരെ
ചുഴികൾ എന്റെ വിഹ്വലതകളെ
അടയാളപ്പെടുത്തിക്കൊണ്ടിരിക്കും..            
   
                   

     

No comments:

Post a Comment