Wednesday 12 March 2014

ആരുമില്ലാത്ത ഒരറ്റത്തെത്തി
വിടർത്തിയിട്ട ഭൂമിയെ
പതുക്കെ മടക്കി തുടങ്ങണം..
നിന്റെയും എന്റെയും 
നമ്മുടെയും എന്ന് പേരെഴുതിയ
കല്ലുകളെ പുറത്തിട്ടു മടക്കണം..
അവസാന ബിന്ദുവിൽ നിന്ന് 
ആദിയിലേക്ക്..
ഇടയ്ക്ക് വരുന്ന ഭേദങ്ങളെ 
ഒരരുകിലേയ്ക്ക് തട്ടിക്കൂട്ടണം..
കൈ കഴച്ചു തുടങ്ങുമ്പോൾ 
കൂട്ടി കിഴിച്ച് കിട്ടിയ
വലിയ ശരികളിൽ ആദ്യത്തേത് കൊണ്ട് 
തെറ്റുകളിൽ ഏറ്റവും വലിയ തെറ്റിനെ 
തോണ്ടി ദൂരെ കളയണം..
മരുഭൂമികൾക്ക് മേൽ മഴമേഘങ്ങളെ വച്ച് കെട്ടണം..
മഞ്ഞു കണങ്ങൾക്കു 
സൂര്യ താപത്തിന്റെഅവസാന രശ്മികൾ 
കടം വാങ്ങി കൊടുക്കണം..
പുറകോട്ടു പോകുമ്പോൾ തടഞ്ഞ മുള്ളുകൾ
എടുത്തൊരു വേലികെട്ടി സത്യങ്ങളെ
അതിനുള്ളിൽ ഭദ്രമാക്കണം.   
കൗമാര ബാല്യ ശൈശവങ്ങൾ പിന്നിട്ടു
 പിന്നെയൊരു ഭ്രൂണമായ്  പുറകോട്ടു
രണ്ടു രക്തങ്ങളിൽ അലിഞ്ഞ്
ഇല്ലായ്മയിലേക്ക്‌.. ശൂന്യതയിലേക്ക് ..

ഭൂമിയെ മടക്കി തീർക്കണം      

No comments:

Post a Comment