Showing posts with label MyPoems. Show all posts
Showing posts with label MyPoems. Show all posts

Monday 24 March 2014

പ്രണയവും പ്രത്യയശാസ്ത്രങ്ങളും 
ആവർത്തിച്ചാവർത്തിച്ച് 
ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട് 
ചില തെരുവുകളിൽ.
ഇരുട്ടു ഛർദിക്കുന്ന 
വഴിവിളക്കുകൾക്കു താഴെ 
തോളെല്ലു തകർന്നു ഞരങ്ങുന്നുണ്ട് 
ചതഞ്ഞ കൈകാലുകളുള്ള 
മാറ്റംപാട്ടുകൾ.
കഫവും ചോരയും തുപ്പി 
മരണസഞ്ചാരത്തിൽ തെരുവറ്റങ്ങളിൽ
തുണിയില്ലാതെ പായുന്നുണ്ട്
പഴകിയ തേക്കുപാട്ടുകൾ..
വെയിലു മൂക്കുമ്പോൾ വിയർത്തൊലിച്ചു
കയറി വരുന്ന തോറ്റങ്ങളുടെ
നെഞ്ച് പിളർന്ന് ചോരയൂറ്റുന്നുണ്ട്
നിണദാഹികൾ.
തെരുവിന്റെ തലയ്ക്കൽ
ആർക്കുംവേണ്ടാതെ
മലർന്നങ്ങനെ കിടപ്പുണ്ട്
പല്ലു കൊഴിഞ്ഞ്,തൊലി ചുരുണ്ട്,
കണ്ണു മൂടിയ വീരഗാഥകൾ.
നഗ്നരെയും അർദ്ധനഗ്നരെയും
സഹശയനരെയും ഒന്നായ്ക്കെട്ടി
വലിച്ചുകൊണ്ടു പോകുന്നുണ്ട്
ശവം തീനികൾ..
മജ്ജയും മാംസവും തിന്നു ചീർത്ത്
ഒരുങ്ങിച്ചമഞ്ഞിറങ്ങുന്നുണ്ട്
അഴുകിയ കയ്യിൽ കടലാസു പിടിച്ചൊരു
പരിഷ്ക്കാരി.
വായിൽ നുരഞ്ഞ അവസാന കൃമിയും
പേനയിൽ നിറച്ചു
തലയുയർത്തി നടന്നു നീങ്ങുന്നു
വർത്തമാനത്തിന്റെ കവി.
ദുർഗന്ധമാണിവിടെ മുഴുക്കെ 
പുളിച്ച ചോറിന്റെ..,
കാറിയ എണ്ണയുടെ..,
വഴു വഴുത്ത കുഴമ്പിന്റെ..,
നാറ്റമുള്ള അറ്റമെത്താത്ത നീണ്ട ഇടനാഴികൾ.
അഴുകാത്ത കബന്ധങ്ങൾ 
മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്നു..,
വിപ്ലവം വീഞ്ഞാക്കിയ,കവിത കുറുക്കി
അമൃതുണ്ടാക്കിയ വിവരദോഷികളുടെ.,
വെളിപാട് വന്നിറങ്ങിപ്പോയ്
മറ്റൊരു വെളിപാടിൽ 
തിരികെ കയറിവന്നു 
പടിഞ്ഞാറ്റെ ഇരുട്ടിൽ കുന്തിച്ചിരുന്ന 
ചിന്താദർശികളുടെ..,
പുകമണം മാറാത്ത 
അടുക്കളച്ചുവരിനുള്ളിൽ 
മൗനം കുടിച്ചു മരിച്ച പെണ്ണിന്റെ.
ഉറക്കത്തിൽ എപ്പോഴോ മരിച്ച ക്ലോക്കിൽ 
ക്രമം തെറ്റിയാടുന്നുണ്ട് 
ആ വയസ്സൻ പെൻഡുലം.
ഇടനാഴി കവച്ചു കടക്കുമ്പോൾ അടഞ്ഞ, 
പുതിയ വാതിലുള്ള മുറി കാണാം..
വാസനത്തൈലവും സെന്റും മണക്കുന്ന,
വെളുത്ത തുണി വിരിച്ച കോസറിയും 
പങ്കയുമുള്ളവലിയ മുറി.
അകത്തുകയറി പുതിയ വാതിൽ പൂട്ടി 
അടയിരിക്കാം..
തിളയ്ക്കാനറിയാത്ത.., ചൂടു തട്ടാത്ത ചോര 
ഒഴുകിയിറങ്ങിപ്പോവും വരെ 
നല്ല മണങ്ങൾ മാത്രം ശ്വസിച്ച്..
ജനവാതിലുകൾ കൊട്ടിയടച്ചു നമുക്ക് 
അകത്തിരിക്കാം...

Wednesday 19 March 2014

എനിക്ക് വേണ്ടത് ഇവിടെയുണ്ട്..
അക്ഷരങ്ങളുടെ ഇഴ മുറുക്കങ്ങളിൽപ്പെട്ടു 
കെട്ടു പോകാത്ത ഒരു കനൽച്ചൂട്...
പീലിയനക്കങ്ങളിൽപ്പെട്ട് 
ഇറുന്നു പോകാത്ത പാളിയ നോട്ടം..
വിറയ്ക്കുന്ന വിരൽത്തുമ്പിൽ 
തൊട്ടു നോവിക്കാത്ത കുഞ്ഞു കൗതുകം.
ചുരുണ്ട മുടിക്കറുപ്പിൽ 
ഒരു നേർത്ത മയക്കത്തിന്റെ 
മടുപ്പില്ലാത്ത ലഹരി.
സർപ്പ ഗന്ധം..
എന്റെ ഉടലാകെ നിന്റെ
സർപ്പഗന്ധമാണ്..
നടക്കുന്ന വഴികളിലൊക്കെയും
നീലവെളിച്ചം ഒഴുകുന്നുണ്ട്..
ഇളം ചുവപ്പും കടും ചുവപ്പും
ചായങ്ങളെല്ലാം വാരിതേച്ചു
നീ കെട്ടിയാടുന്നുണ്ട്..
നിമിഷങ്ങളെ കണ്ണിയറ്റിച്ചു വേർപെടുത്താൻ
ഒറ്റയാൻ മരത്തിലെ
ശേഷിച്ച ഇലകൾ മുഴുവൻ ചേർത്ത്
നമുക്കൊരു വിരിപ്പ് തുന്നാം..
നിന്റെ സർപ്പഗന്ധം വാരിപ്പൂശി
അണയാത്ത കനലൂതി തീപ്പൊരിയാക്കണം.
നീറി നീറി കെടാതെ എരിഞ്ഞൊരു 

പന്തമായി ജ്വലിക്കണം...

Saturday 15 March 2014

സമയം വൈകിപ്പായുന്ന ഒരു വണ്ടി പോലെ
ഞാനെന്റെ മറവികളിലേയ്ക്കു 
തിരിഞ്ഞൊന്നോടട്ടെ..??
കാലം തെറ്റിയ പക്ഷിയെപ്പോലെന്റെ മങ്ങിയ
ചുവരുകൾ ചേർന്നൊന്നു ചിറകടിക്കാൻ..
ചുടുകട്ടകൾ വേവുന്നൊരു 
ഇഷ്ട്ടികക്കളത്തിനിടയിൽ 
ചുവന്ന മണ്ണിൽ പിരണ്ട  ഒരഞ്ചുവയസ്സുകാരിയിലേക്ക് 
ഒന്നോടിപ്പിടിച്ചെത്തണം..
നീട്ടിപ്പിടിച്ച മുളകു പാത്രം കണ്ടു വിരണ്ടോടുന്ന
അവളുടെ നെഞ്ചിലെ പിടപ്പ് വീണ്ടുമൊന്നറിയണം.
കടിച്ചാപൊട്ടയും  പല്ലുമ്മലൊട്ടിയും  കട്ടു വാങ്ങി
താന്നിക്കായയും ചായക്കോട്ടിയും പെറുക്കി
ഒരു കോലൻചെറുക്കന്റെ കയ്യിൽ തൂങ്ങി
ഇനിയും നടക്കണം..
ബോഗൻ വില്ലയുടെ ഇതളുകൾ
വെള്ള കാണാത്ത നിന്റെ വെളുത്ത ഷർട്ടിൽ തിരുകി
ഒരു കുഞ്ഞുപടത്തിൽ ചേർന്നു നില്ക്കണം..
കണ്ണു മങ്ങിയ വെള്ളിമുടിക്കാരിയ്ക്ക്
 ഒരു നൂലുകോർപ്പിന്റെ കടം ബാക്കിയുണ്ട് ..
ഇനിയൊരു സൂചി തപ്പിയെടുക്കണം..
 മടിത്തട്ടിൽ കയറിയിരുന്ന്
മടിപിടിച്ചോടിയ പെറ്റിക്കോട്ടുകാരിയ്ക്ക്
പോയ കാലത്തെ കടങ്ങൾ വീട്ടണം..  
കണ്ണീർത്തുള്ളിയും വെള്ളത്തണ്ടും
നിനക്ക് വീതിച്ചു തന്ന
മുറികൂട്ടി ഞരടി വിരലു പൊതിഞ്ഞ
പുളിയനില തിന്നു കണ്ണിറുക്കിയ
നിന്റെ കുഞ്ഞുടുപ്പുകാരിയ്ക്ക്
നാവുകൾ ആയിരങ്ങളാണ്
ഒരു കോഴിക്കാട്ട കഥ മുതൽക്കിങ്ങോട്ട്‌ 
സമയംവൈകിയോടുന്ന വണ്ടി
കിതച്ചു നിൽക്കുന്നത് വരെ പറയാൻ
എണ്ണിത്തീരാത്ത കുഞ്ഞു കാര്യങ്ങളുടെ
ചെറിയ വലിയ ചിത്രങ്ങൾ..
ഒന്നോടി തിമിർത്ത് വരാം നമുക്ക്..
ഒരു കോലൻ ചെക്കന്റെ വിരലിൽ തൂങ്ങി
ഉരുണ്ടു പിരണ്ട് കളിച്ചു മതിച്ചങ്ങനെ...
     
 


Wednesday 12 March 2014

ശവം തീനികളുടെ നാട്..
ഇരുട്ടിന്റെ മറവിൽ നിന്ന്
നട്ടപ്പൊരിവെയിലിലേയ്ക്കു
കാമമൊലിയ്ക്കുന്നുണ്ട്..
ചുട്ടു പഴുത്തു വിയർത്തൊലിക്കുന്ന
കറുത്ത പാറക്കെട്ടിനിടയ്ക്ക്
ഒരാർത്ത നാദം കുരുങ്ങിക്കിടപ്പുണ്ട്
ഇറങ്ങി നടക്കുമ്പോഴെല്ലാം കാലിൽ
നനവ്പടരുന്നുണ്ട്..
ഉപ്പുവെള്ളം തൊട്ട മണ്ണിന്റെ നനവ്‌..
വലിയ തിട്ടകൾക്കു താഴെ
അരണ്ട കണ്ണുകൾ ഒളിച്ചിരിപ്പുണ്ട്
ചുവന്ന കണ്ണുകളാണവർക്ക്‌...
ചോര തുപ്പുന്ന വലിയ കണ്ണുള്ളവർ..
അറ്റു കിടപ്പുണ്ട് നീളമുള്ള വിരലുകൾ..
നഖങ്ങൾക്കിടയിൽ മനുഷ്യ മാംസം ഉണങ്ങിയ
വെളുത്ത വിരലുകൾ..
വേരുകളിൽ കുടുങ്ങിക്കിടപ്പുണ്ട്
നീളമുള്ള മുടിപ്പിന്നലുകൾ..
വറ്റിയ കൈത്തോടിൽ ശേഷിച്ചത്
കുറച്ചു വളപ്പൊട്ടുകൾ..
ഞെരിച്ചു പിടിച്ച കൈകൾക്കുള്ളിൽ
ഒരിറ്റു ശ്വാസത്തിന് വേണ്ടി അത്
ഞെളിപിരി കൊണ്ടിരിക്കണം..
പിന്നീട് കൂറ്റൻ പെട്ടികളാണ്‌..
 മാറു പിളർന്നൂറ്റി ചണ്ടിയായ
ഉണങ്ങിയ ശവങ്ങളെ കയറ്റുന്ന
വലിയ വണ്ടിയും വലിച്ചു
നിരങ്ങിനീങ്ങിപ്പോകുന്നു
തലയില്ലാത്ത ഉടുമുണ്ടില്ലാത്ത
ബലിഷ്ഠകായൻ..            

    
വെളിച്ചത്തിന്റെ വഴിയേ പോകണമത്രേ...
മുടിനീട്ടിയതു കൊണ്ട്..
 ഇരുട്ട് കണ്ടാൽ വഴിമാറണമത്രെ..
എടീ എന്ന്  നീ വിളിച്ച പഴക്കം കൊണ്ട്..
കൂട്ടിനകത്ത് പെറ്റു പെരുകിക്കണമത്രേ
നിനക്കെന്നെ തീറെഴുതി തന്നത് കൊണ്ട്...
വാക്കുകളിൽ ചിന്തകളുടെ വിഷം പുരട്ടരുതെന്നും
സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കരുതെന്നും പറയുന്നത്
നിന്റെ നിയമ പുസ്തകത്തിലെ 
വിശുദ്ധ വാക്യങ്ങൾ കൊണ്ട്..   
ഇനിയേതു ശസ്ത്രക്രിയ  കൊണ്ടാണ്..
ഏതു പുനർജ്ജനിയിൽ മുങ്ങിയാലാണ്
പടം പൊഴിച്ചെനിക്കുമൊരു

നിയമ പുസ്തകത്തിന്റെ 
യജമാനനാകാൻ കഴിയുക..???   
വീണ്ടും ജനിക്കാനൊരു പൂതി
ശൂന്യതയിൽ തുടങ്ങി ഒറ്റയിലും ഇരട്ടയിലും
അവസാനിക്കാതെ പെരുകി പെരുകി അങ്ങനെ...
ഇടയ്ക്ക്, നട്ടാൽ കിളിർക്കാത്ത 
നുണകളുടെ വിത്ത്
പത്തായപ്പെട്ടിയിൽ നിന്ന് പുറത്തെറിയണം .
നനഞ്ഞ മണ്ണിലൊരു കാല്പ്പാടു പതിപ്പിക്കണം..
ഞാനിവിടെ വേരോടിയ മുദ്രകൾ.. 
 തുടങ്ങി വച്ചതിന്റെ കാലടി തിരയുന്നതിനെക്കാൾ

പുതിയ വിരൽപ്പാട്  മണ്ണിൽ പുതയുന്നതാണ്പുതുമ...  
വാക്കുകൾക്കു മുകളിലൊരു റബ്ബർ കഷ്ണം
 വച്ച് പിടിപ്പിക്കണം..
വാക്കുകളേക്കാൾ വലിയൊരു റബ്ബർ കഷ്ണം..
മായ്ക്കുന്തോറും എഴുതാൻ..  
ചാപിള്ളയായി പിറക്കുന്ന അക്ഷരങ്ങളെ
ആരുമറിയാതെ ഞെരിച്ചു കൊല്ലാൻ
നെല്ലായും പതിരായും മാറുന്നവയ്ക്കിടയിലൊരു
 അദൃശ്യ മതിൽ തീർക്കാൻ.. 
അക്ഷരങ്ങളുടെ ജനിതക ഘടന നോക്കി
സംബോധനകൾ നടത്തുമ്പോൾ
പിശകു പറ്റാതിരിക്കാൻ..
വെറുതെയൊരു ധൈര്യത്തിന് 
റബ്ബർ കഷ്ണം നല്ലതാണ് ..
കൂടെയൊരു ബാക്ക് സ്പേസ് കീ കൂടി വേണം..
ഓർമകളെ  ബാക്കടിച്ചു ഡിലീറ്റു ചെയ്യാൻ.

ന്യൂജനറേഷനെ അവഗണിക്കരുതല്ലോ..     
ഒരു ചിരിത്തുണ്ട് കടന്നു പോയിട്ടുണ്ട്..
ഇമ ചിമ്മി ചിരിക്കുന്ന പൊന്നുമോൾക്കൊരു
നേർത്ത തലോടൽ കൊടുത്ത്..
നുണഞ്ഞു തീരാറായ
ഒരു തേൻ മുട്ടായിയുടെ കഷ്ണം നീട്ടിയ 
പിഞ്ചു കയ്യിലൊരു മുത്തം കൊടുത്ത്  
ഉറക്കത്തിലും ഓർമ്മപ്പെടുത്തലുകൾ നൽകിയവൾക്ക്
ഒരു നോട്ടം കൊണ്ട് യാത്ര പറഞ്ഞ്     
തൈലം മണക്കുന്ന മുറിയിൽ
എണ്ണിപ്പെറുക്കുന്ന 
കാശിത്തള്ളയ്ക്ക്മരുന്ന് കടയിലേക്കുള്ള
നീണ്ട ലിസ്റ്റും എടുത്തു നടന്ന 
ചിരിത്തുണ്ട് മാഞ്ഞിട്ടില്ല
അവസാന തുള്ളി ചൂടുള്ള നിരത്തിൽ
പടർന്നൊഴുകിയപ്പോഴും
അടയ്ക്കാൻ മറന്ന കണ്ണുകൾക്കിടയിലൂടെ
പാറി നടന്ന മണിയനീച്ചയ്ക്കൊപ്പം 
കടന്നു പോയിട്ടുണ്ട്
നിലയ്ക്കാൻ മടിച്ച ചിരിത്തുണ്ട്         
മരണത്തിനു വേനലിന്റെ മുഖമാണത്രേ ..
ചുട്ടുപൊള്ളിച്ചു കടന്നു പോകുന്ന
ഓരോ മരണത്തിനും 
വേനലിന്റെ മുഖമാണ് .. 
എരിഞ്ഞു തീരാത്ത പട്ടടയിലേക്ക് 
വലിയൊരു ഉഷ്ണക്കാറ്റു വീശുന്നുണ്ട് ..
കൊടും ചൂടിൽ നെടുവീർപ്പുകൾ 
കെട്ടഴിച്ചു വിട്ടിട്ടുണ്ട് ..
മരണ വെപ്രാളം മുതൽക്ക് 
ഓരോ അറകളിലും കയറി 
പാഞ്ഞിറങ്ങി പോകും വരെ 
ഓരോ ശ്വാസത്തിലും കൊടും ചൂടാണ് ..
നേടാതെ പോയവന്റെ .. 
നേടിയതിൽ അർത്ഥമില്ലെന്നു കണ്ടവന്റെ .. 
നേടണമെന്ന് മോഹിച്ചു തുടങ്ങിയവന്റെ
കൊടും ചൂടുള്ള നിശ്വാസങ്ങൾ ..
ഊഷര ഭൂമികളിൽ ചീറ്റിയടിക്കുന്നുണ്ട് 
വലിയ ഉഷ്ണക്കാറ്റ് ..
ജീവിച്ചു തീരാതെ കെട്ടുപോയവരുടെ 
കേൾവിയെത്താത്ത ജല്പനങ്ങൾ ..
മരണത്തിനു വേനലിന്റെ മുഖമാണ് ..
കത്തുന്ന പകലുകളിൽ 
വലിയൊരുഷ്ണക്കാറ്റ് വീശും 
എന്നിലേക്കൊരു മൂന്നു പിടി വാരിയിട്ട് 
നീ മടങ്ങുമ്പോൾ മുതൽക്കു 
മണ്ണിന്റെ നനവാറും വരെയുള്ള 
ഉഷ്ണക്കാറ്റ് ..




മനസ്സു കുത്തിക്കീറിയ രക്തം കണ്ണുകളിൽ
ലാവയായി ഒഴുകിയിറങ്ങിയപ്പോൾ
വരണ്ടുണങ്ങിയത് നിനക്കായ്ചലിപ്പിച്ച
 പേനത്തുമ്പാണ്...
നീ ഓർമിപ്പിച്ചതു പോൽ 
മുഖ മുദ്ര ഇരുണ്ടതാണ്..
നീണ്ട മുടിപ്പിന്നലുകളെയും ,
മെലിഞ്ഞു നീണ്ടവിരലുകളെയും ,
വലിയ കണ്ണുകളെയും പ്രണയിച്ച നീ
പക്ഷെ തിരിച്ചറിവിന്റെ ബാക്കി പത്രങ്ങളിൽ
എന്റെ പേരെഴുതി ചേർക്കരുത്‌. 
ഓർമകളെ ഒഴുക്കി കളയാൻ
ഒരു ഗംഗയിന്നെനിക്കില്ല..



പൊട്ടിയൊലിക്കുന്ന ഒരു വ്രണമുണ്ട് 
ജയിലറകളിൽ
ഇന്നുമെന്നെ കിടത്തുന്ന വലിയ ഭ്രാന്തിന്റെ
അഴുകിയ വ്രണം..
കൂടെയുറങ്ങിയവനെ പാതി വെന്തവനാക്കിയ
തീപ്പൊരി കൊണ്ടോ  ...
കുഞ്ഞുമോളുടെ പിഞ്ചു മേനിയിൽ നീ അരിക്കുന്നത് 
കാണാതെ കണ്ണടച്ച് ശപിച്ച വാക്കുകൾക്കോ 
നിന്നെയൊന്നു ദഹിപ്പിക്കാൻ കഴിഞ്ഞെങ്കിൽ..
ഒരായുസ്സ് കൊണ്ട് നീ നേടിയതൊക്കെയും
ഞാൻ ഭസ്മമാക്കിയേനെ ..
വാക്കുകൾക്ക് നിന്നെക്കാൾ
കെൽപ്പുണ്ടായിരുന്നുവെങ്കിൽ 
ഉറക്കെ ചിരിക്കുന്ന നിന്റെ അലർച്ച
ഒരു തീവണ്ടി കണക്കെന്റെ
തലച്ചോറ് തകർക്കില്ലായിരുന്നു..
ചെറിയ മൂളലുകൾ പോലുമെന്റെ
ചെവിയിൽ ഇരമ്പിയാർക്കില്ലായിരുന്നു...
അമാവാസികളിൽ ഇരുട്ടിനെ പേടിച്ചു
ഞാനിത്ര  ദീനയാവില്ലായിരുന്നു.. 
താലിയിട്ടവന് വായ്ക്കരി കൊടുക്കാതെ
പിറവി കൊടുത്തവളുടെ 
ഭയന്ന കണ്ണുകൾ കാണാതെ
അമാവാസികൾ അലട്ടാതെ അഴികൾക്ക്
പുറത്തേയ്ക്കുള്ള വിശാലതയിൽ
ഞാനുമൊരു പെണ്ണായേനെ..