Wednesday, 12 March 2014

ഈ ആകാശത്തിൽ  
സൂര്യന് കറുത്ത നിറമാണ്..
എൻറെ  പൂർണ്ണതയിൽ നിന്ന് നിന്നെയടർത്തി 
നീറ്റിയ പട്ടടയിലെ പുക കൊണ്ട് 
ഇരുണ്ടുറഞ്ഞു പോയ ആകാശപ്പരപ്പിൽ
 സൂര്യന്റെ നിറം കറുപ്പാണ്.
വർത്തമാനത്തിന്റെ വെയിലേറ്റു കരുവാളിച്ച മുകൾത്തട്ടിൽ
 നിന്റെ ചോരകൊണ്ടുറഞ്ഞ സന്ധ്യയും 
ഭൂത കാലം കരണ്ടു തീർത്ത പൂർണ്ണ ചന്ദ്രന്റെ
 അരപ്പാതിയുമുണ്ടിവിടെ
ആയുസെത്താതൊടുങ്ങിയ മാംസപിണ്ഡങ്ങളുടെ   
ചിരി വറ്റിയ മുഖങ്ങളും
വേരറുത്തു കളയേണ്ടി വന്നവളുടെ
അലമുറകളുമുണ്ടാകുമിവിടെ
അണയാൻ നേരം ആളിക്കത്തിയ പെണ്ണിന്റെ
നെഞ്ചിലെ നടുക്കങ്ങളും
പിറക്കാതെ പോയവളുറക്കെചൊല്ലുന്ന
വായ്ത്താരിയും കറുത്ത പെണ്ണൊരുവൾ
 കൊഴുത്ത ചോരയിൽ മുക്കി എഴുതിയ
 ഉണർത്തു പാട്ടുംകേൾക്കുമീ   ആകാശപ്പരപ്പിൽ

സൂര്യന്റെ നിറം കറുപ്പാണ്..

No comments:

Post a Comment