Monday 10 March 2014

വിട..

ഇനിയെത്ര വെട്ടിയാലാണ് 
ഈ ശിരസ്സൊന്നറ്റു വീഴുക..
നീലിച്ച ഞരമ്പുകളിൽ ചോരയില്ല ..,
നീയൊഴുക്കിയ 
വെളുത്ത കൊഴുത്ത ദ്രാവകം 
തിങ്ങിയഴുകിയിറ്റി നില്ക്കുന്നു 
എന്റെ സിരകളിലൊക്കെയും. 
.ബലിക്കല്ലിൽ നീണ്ടു നിവർന്നങ്ങനെ 
കിടന്നു തന്നിട്ടും ഉളുമ്പ് നാറ്റമുള്ള
നിന്റെ കൈകൾക്ക് എന്നെ
മുറിച്ചെടുക്കാനെന്തേ താമസം..
ഇനി വൈകരുത്..
നീ മുഖമൊളിപ്പിച്ച മുടിക്കെട്ടഴിച്ചു
നീട്ടിപ്പിടിച്ചറുത്തെടുക്കുക..
നിന്നെ കേട്ട കേൾവികൾക്ക് മേൽ
നീ ഈയമുരുക്കിപ്പാരുക..
കാഴ്ചകൾ കാണാതിരിക്കാൻ
നീയെന്റെ കണ്പോളകൾ ചേർത്തു തുന്നുക..
കാമിക്കുമ്പോൾ നിന്നെ വരഞ്ഞ നഖങ്ങളും
എനിക്ക് വേണ്ട..
നിനക്ക് പൊട്ടിച്ചെടുക്കാം.
ചുംബിച്ച ചുണ്ടുകളും നിന്നെ ശ്വസിച്ച
നാസികത്തുമ്പും കടിച്ചു കുടയാം..
എന്റെ പെണ്ണടയാളങ്ങൾ മുഴുവൻ
നിനക്കരിഞ്ഞെടുക്കാം..
വെട്ടിയരിഞ്ഞു തള്ളുമ്പോൾ
നിനക്ക് മനംപുരട്ടരുത് ..
ഞാനൊന്നു ഞരങ്ങും മുന്പെന്റെ നെറ്റിയിൽ
നിനക്കവസാന ആണിയും തറച്ചു കയറ്റാം ..
നിന്നെ നെഞ്ചേറ്റ കുറ്റത്തിന്..
എന്റെ വലിയ പിഴകൾക്ക്
കൊടിയ പാപത്തിന്റെ വിലയായി ഞാനിതാ
ചോരയുണങ്ങിയ മംസക്കഷ്ണങ്ങൾ
നിനക്ക് തരുന്നു..
പെറുക്കി കൂട്ടി നിനക്ക് പോകാം..
ഇനി എനിക്കുള്ള ഉയിരടയാളങ്ങളിൽ
നിന്റെ പേരില്ല
വിട..

No comments:

Post a Comment