Wednesday 12 March 2014

ഞാനൊരു ഗർഭിണിയാണ്...
 നിന്നെ ഉദരത്തിൽ പേറി 
കാതങ്ങളോളം സഞ്ചരിച്ചു
നിനക്ക് വേണ്ടതെല്ലാം മുന്നേ കരുതി...
 നിനക്ക് വേണ്ടി കാത്തിരിക്കുന്നോരമ്മ..
നീയെന്റെ ഉള്ളറകളിൽ 
ബീജമായി പതിക്കും മുൻപേ
മറ്റൊരു ഗർഭാലസ്യത്തിൽ ആയിരുന്നു..
നിന്നെപോലെ പെറ്റു പോറ്റാൻ 
ഞാൻ കൊതിച്ചവൾ..
ജനിച്ച ചാപിള്ളയെ കുഴി കുത്തി മൂടും വരെ
ഞാനറിഞ്ഞില്ല 
നീയെന്റെ ഭിത്തികളിൽ പറ്റിപിടിച്ചു വളരാൻ
തുടങ്ങുമ്പോൾ തന്നെ ഞാൻ 
പേറ്റു നോവ്തിന്നുമെന്ന്.
നീ പാകപ്പെടുംവരെ നീറ്റുന്ന
വേദനകളിൽ എവിടെയൊക്കെയോ 
നിന്റെ ചിരികൾ കലമ്പലുകൾ..
 ഇനി നീയുമൊരു വേഷമണിയും വരെ കാത്തിരിക്കാം
 നിന്നെ പെറ്റു തിരുവയറൊഴിഞ്ഞിട്ടു വേണം 
വേറിട്ട സ്വപ്നങ്ങളുടെ ബീജം മനസിലേക്കൊഴുക്കി
പുതിയൊരു ചരിത്രത്തെ പ്രസവിക്കാൻ...
സ്വയമൊരു കവിതയാകാൻ..

അത് വരേയ്ക്കും ഞാനൊരു 
ഗർഭിണിയാണ്...      

No comments:

Post a Comment